‘FIAT’ എന്ന വാക്ക് കേൾക്കുമ്പോഴേ വാഹനപ്രേമികളുടെ മനസ്സിൽ ഓടി എത്തുന്നത് ഫിയറ്റ് വാഹനങ്ങളുടെ പെർഫോമൻസ് മികവാണ്. മികച്ച മോഡലുകൾ ഇന്ത്യയിൽ ഫിയറ്റ് കമ്പനി അവതരിപ്പിച്ചെങ്കിലും വലിയ വിജയം കൈവരിക്കാൻ ഫിയറ്റ് കമ്പനിക്ക് ഇന്ത്യയിൽ സാധിച്ചിരുന്നില്ല. എന്തായിരുന്നു ഫിയറ്റ് കമ്പനിയുടെ ഇന്ത്യയിലെ ചരിത്രം, എന്തുകൊണ്ട് ഫിയറ്റ് ഇന്ത്യ വിട്ട് പോയി?
പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ എത്തിയ വാഹന നിർമ്മാണ കമ്പനിയാണ് ഫിയറ്റ്. ഫിയറ്റ് ആഗോളതലത്തിൽ വിറ്റിരുന്ന രണ്ട് മോഡലുകളുമായിട്ടാണ് ഇന്ത്യയിൽ എത്തുന്നത്. ആദ്യകാലങ്ങളിൽ “പ്രീമിയർ ഓട്ടോമൊബൈൽസ് (PAL)” എന്ന കമ്പനിയുമായി കൂടിചേർന്നാണ് ഫിയറ്റ് ഇന്ത്യയിൽ വാഹനങ്ങൾ നിർമ്മിച്ചിരുന്നത്. ഫിയറ്റിന്റെ 1100 എന്ന മോഡൽ “പ്രീമിയർ പത്മിനി” എന്ന പേരിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കാഴ്ചയിൽ വളരെ സുന്ദരമായ രൂപമായിരുന്നു പത്മിനിക്ക്. ആ വാഹനത്തെ എന്നും ഓർമ്മപ്പെടുത്തുന്നത് മറ്റുള്ള വാഹനങ്ങളിൽ നിന്ന് വ്യത്യസ്ഥമായ രീതിയിൽ സ്റ്റിയറിംഗിനോട് ചേർന്ന അതിന്റെ ഗിയർ ലിവറാണ്.
ഫിയറ്റ് 124 എന്ന മോഡൽ 90കളിൽ ഫിയറ്റ് 118 NE എന്ന പേരിലാണ് ഇന്ത്യയിൽ എത്തിയത്. ചതുരപ്പെട്ടി അടിച്ച് പരത്തിയ പോലൊരു രസകരമായ രൂപമായിരുന്നു ആ വാഹനത്തിന്. ഈ രണ്ട് മോഡലുകളും ആ കാലത്ത് തരക്കേടില്ലാത്ത വിൽപന നേടിയിരുന്നു. 1997 ൽ ഫിയറ്റ് പ്രീമിയറുമായി ചേർന്ന് UNO എന്ന മോഡൽ അവതരിപ്പിച്ചു. അതൊരു വിജയമായിരുന്നു. മൂന്ന് മാസം കൊണ്ട് മൂന്ന് ലക്ഷത്തോളം ബുക്കിംഗ് നേടിയെങ്കിലും തൊഴിലാളി പ്രശ്നവും മറ്റു കൊണ്ട് വെറും 617 യൂണിറ്റ് മാത്രമേ പുറത്തിറക്കാൻ പ്രീമിയർ കമ്പനിക്ക് സാധിച്ചുള്ളു. അത് കമ്പനിയെ മോശമായി ബാധിക്കുകയും പിന്നീട് ഫിയറ്റ് പ്രീമിയർ കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കുകയും ചെയ്തു. 1997 ൽ പുറത്തിറക്കിയ UNO 2000ത്തിൽ നിർമ്മാണം അവസാനിപ്പിച്ചു. പിന്നീട് Siena, Palio, Adventure, Petra എന്നിങ്ങനെ ചില മോഡൽ അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച വിൽപ്പന നേടിയിരുന്നില്ല. ഫിയറ്റ് പാലിയോ എന്ന മോഡൽ കുറച്ച് നാൾ വിപണിയിൽ ഉണ്ടായിരുന്നു. ശേഷം പാലിയോയുടെ ഒരു ഫേസ് ലിഫ്റ്റഡ് മോഡൽ ( Palio steel) കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ അതും വലിയ വിജയമൊന്നും കൈവരിച്ചില്ല.
2007ൽ ഫിയറ്റ്, ഇന്ത്യൻ വാഹന നിർമ്മാതാക്കളായ റ്റാറ്റാ മോട്ടോർസുമായി കൂടിചേർന്ന് പ്രവർത്തനം ആരംഭിച്ചു. രണ്ട് കമ്പനികൾക്കും വേണ്ടിയുള്ള വാഹനം ഫിയറ്റ് നിർമ്മിക്കുകയും ഫിയറ്റ് കാറുകൾ റ്റാറ്റയുടെ ഡീലർഷിപ് വഴി വിൽപ്പനയും സർവീസും നൽകാൻ ആയിരുന്നു പദ്ധതി. ഒരേ സെഗ്മെന്റിലുള്ള Tata Indigo Manza യും Fiat Linea യും താരതമ്യപ്പെടുത്തുമ്പോൾ വിലക്കുറവിലും, മൈലേജും, ഒക്കെ റ്റാറ്റയുടെ വാഹനങ്ങൾ ആയിരുന്നു മുന്നിൽ. ഇത് തന്നെയായിരുന്നു Tata Vista യിലും Fiat Punto യിലും സംഭവിച്ചത്. വിലക്കുറവിനും, ഇന്ധനക്ഷമതക്കും പ്രാധാന്യം നൽകിയ റ്റാറ്റാ കാറുകളായിരുന്നു വിപണി കീഴടക്കിയത്. റ്റാറ്റയുടെ വാഹങ്ങൾക്ക് മാർജിൻ കൂടുതലായിരുന്നതിനാൽ ഡീലർമാർ റ്റാറ്റയുടെ വാഹനങ്ങൾക്കാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഫിയറ്റിന് സെയിൽസിനും, സർവ്വീസിനും, സ്പെയറിനും മുഴുവനായി റ്റാറ്റയെ ആശ്രയിക്കേണ്ടിവന്നു. അങ്ങനെ 2012ൽ ഫിയറ്റ് റ്റാറ്റയുമായുള്ള പാർട്ട്ണർഷിപ് വിട്ട് സ്വന്തം ഡീലർഷിപ്പുകൾ തുടങ്ങുകയും എന്നാൽ വാഹന നിർമ്മാണം റ്റാറ്റയുമായി ഒത്ത് ചേർന്ന് തന്നെ തുടർന്നു.
2009 മുതൽ 2019 വരെ ഫിയറ്റിന്റെ Linea യും, Punto യും മാത്രമായിരുന്നു ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നത്. ഇടക്ക് ചില അപ്ഡേറ്റുകൾ ഈ രണ്ട് മോഡലുകളിലും വരുത്തിയിരുന്നു. Punto എന്ന മോഡൽ പല വെർഷനുകളായി Avventura, UrbanCross എന്നിങ്ങനെ ഫിയറ്റ് വിപണിയിൽ എത്തിച്ചു. എന്നാൽ ഇവയുടെയൊക്കെ ബേസിക് രൂപം Punto യുടേത് തന്നെയായിരുന്നതിനാൽ വലിയ പുതുമയൊന്നും ഇന്ത്യക്കാർക്ക് തോന്നിയില്ല. 2012 ൽ 10,000 യൂണിറ്റുകൾ വിറ്റിരുന്ന ഫിയറ്റ് കമ്പനിക്ക് 2018 ൽ വെറും 743 വാഹനങ്ങളാണ് വിൽക്കാൻ കഴിഞ്ഞത്.
ഫിയറ്റ് സ്വന്തം ഡീലർഷിപ്പുകൾ ആരംഭിച്ചിരുന്നു എങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കാനും ത്രിപ്തികരമായ സർവീസുകൾ നൽകാനും ഫിയറ്റിന് സാധിച്ചിരുന്നില്ല. സർവീസിംഗ്, സ്പെയർ എന്നിവയുടെ അഭാവം ആണ് ഫിയറ്റിനെ ഇന്ത്യയിൽ പരാജയമാക്കിയത്. പുതിയ പുതിയ മോഡലുകൾക്ക് സ്വീകാര്യത കൊടുക്കുന്ന ഇന്ത്യൻ വിപണിയിൽ വളരെ കുറച്ച് മോഡലുകൾ മാത്രമേ ഫിയറ്റ് കൊണ്ടുവന്നിരുന്നുള്ളു. എന്നാൽ ഫിയറ്റിന്റെ വാഹനങ്ങൾ എല്ലാം വളരെ മികച്ച വാഹനങ്ങൾ ആയിരുന്നു. സേഫ്റ്റി, റിഫൈൻമെന്റ് എന്നിവയിൽ വളരെ മുന്നിലായിരുന്നു ഫിയറ്റ്. അക്കാലത്ത് മൈലേജുള്ള വാഹനങ്ങൾ Maruti, Tata, Hyundai പോലുള്ള കമ്പനികൾ ധാരാളം വിപണിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇവയോടൊന്നും ഒപ്പം മൈലേജിന്റെയും, മികച്ച സർവീസിന്റെയും, കാര്യത്തിൽ എത്തിപിടിക്കാൻ ഫിയറ്റിന് കഴിയാതെ വന്നപ്പോൾ അവസാനമായി പുറത്തിറക്കിയിരുന്ന Linea യും Punto യും വിറ്റഴിച്ച് 2019ൽ ഫിയറ്റ് ഇന്ത്യ വിട്ടു. എന്നാൽ ഇന്ന് നമ്മൾ കാണുന്നതും ഉപയോഗിക്കുന്നതുമായ പല വാഹനങ്ങളിലും ഫിയറ്റിന്റെ ഡീസൽ എൻജിനാണ് ഉപയോഗിച്ചുവരുന്നത്. ഫിയറ്റിന്റെ 1.3L MJD ഡീസൽ എൻജിൻ National Diesel Engine of India എന്ന് അറിയപ്പെടുന്നു. Maruti, Tata, Chevrolet പോലുള്ള വാഹന നിർമ്മാണ കമ്പനികൾ ഫിയറ്റിന്റെ ഈ എൻജിനാണ് തന്റെ BS-4 വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇന്ന് ഇന്ത്യക്കാരുടെ ഇഷ്ട വാഹനങ്ങളായ Tata Harrier, Jeep Compass, MG Hector, എന്നിവയിലെ 2L Multijet Il (BS-6) ഡീസൽ എൻജിൻ ഫിയറ്റിന്റേതാണ്. പല വാഹന കമ്പനികൾക്കും മികവുറ്റ ഡീസൽ എൻജിൻ നിർമിച്ച് നൽകി ഇന്നും ഫിയറ്റ് കമ്പനി നിലകൊള്ളുന്നു.

